General

മൃതദേഹത്തെ അപമാനിക്കുന്ന ക്രിസ്തീയത

November 13, 2018

പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നുഅകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.?”

(മത്തായി 23:28)

തൊണ്ണൂറ്റിനാലു വയസ്സുള്ള ഒരു ക്രിസ്തീയ വിശ്വാസിയുടെ  മൃതദേഹം കഴിഞ്ഞ പത്തോ പതിനൊന്നോ ദിവസമായി സംസ്കരിക്കാന്‍ കഴിയാതെ അദ്ദേഹത്തിന്‍റെ ഭവനത്തില്‍ ഒരു മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. കായംകുളത്തിനടുത്തു കട്ടച്ചിറ എന്ന സ്ഥലത്തെ ഒരു ക്രസ്തീയ ദേവാലയത്തിലെ രണ്ടു ക്രിസ്തീയ വിഭാഗങ്ങള്‍ (ഓര്‍ത്തഡോക്‌സ് – യാക്കോബായ) തമ്മിലുള്ള തര്‍ക്കമായിരുന്നു ആ ശവ സംസ്കാരം സമയത്തു നടക്കാതെ പോയതിനു കാരണം. ഒടുവില്‍ ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടറും പോലീസ് മേധാവിയും ഇടപെട്ടതിന്‍റെ ഫലമായി ഇന്നു രാവിലെ ആ മൃതദേഹം സംസ്കരിക്കാന്‍ കഴിഞ്ഞു എന്ന് അറിയുന്നു.

Orthodox – Jacobite Fight

ഞാന്‍ മേല്‍പ്പറഞ്ഞ രണ്ടു സഭാവിഭാഗത്തിലുംപെട്ട വ്യക്തിയല്ല. നൂറുകണക്കിനുള്ള ക്രിസ്തീയ  വിഭാഗങ്ങള്‍ക്കിടയിലെ ആചാരപരമോ, വിശ്വാസപരമോ ആയ വ്യത്യാസങ്ങള്‍ ഒന്നും പൊതുസമൂഹത്തിന് അറിയില്ല. ഒരു ക്രിസ്ത്യാനിയായി ജനിച്ചവനും,  സാമാന്യം വിദ്യാഭ്യാസവും, വായനയുമുള്ളവനുമായ  എനിക്കുപോലും ഇക്കാര്യത്തില്‍ കാര്യമായ നിശ്ചയമില്ല. കാരണം സാധാരണ വിശ്വാസിക്ക് ദുര്‍ഗ്രഹമായ വ്യാഖ്യാനങ്ങളുടെ പേരിലാണ് ഈ വിഭാഗീയതകള്‍.  ഈ സാഹചര്യത്തില്‍  മെത്രാന്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചാലും, പട്ടക്കാരന്‍ കുമ്പസാര രഹസ്യം വെച്ചു വീട്ടമ്മയെ ബ്ലാക്ക് മെയില്‍ ചെയ്താലും, ‘വിശ്വാസികള്‍’ പേശിബലമുപയോഗിച്ചു ശവമടക്കു തടഞ്ഞാലും ഞാനുള്‍പ്പെടുന്ന ക്രിസ്തീയ സമൂഹത്തിനു മുഴുവനായി  ലജ്ജിച്ചു തല കുനിക്കേണ്ടി വരുന്നു. ഇത് തെറ്റാണെന്നു പറഞ്ഞാല്‍  സഭയെ തകര്‍ക്കാനുള്ള ശ്രമമെന്ന പേരില്‍ കുരിശില്‍ ഏറ്റപ്പെടും. സഭ എന്നാല്‍ എന്താണ് സര്‍? അത് വിശ്വാസസമൂഹമാണ്, അല്ലാതെ പുരോഹിതരുടെയും, മെത്രാന്മാരുടെയും കുശിനിക്കമ്മറ്റിയല്ല സര്‍.

പക്ഷേ ‘പരിശുദ്ധന്‍’ എന്ന് പട്ടവും ധരിച്ചു ഈ സഭകളെ ഭരിക്കുന്ന സഭാ നേതൃത്വങ്ങള്‍ക്കും, സഭാ നേതൃത്വത്തിനുവേണ്ടി ചാവേറുകളാവാന്‍ താറുടുത്തു നില്‍ക്കുന്ന ‘വിശ്വാസികള്‍ക്കും’ യാതൊരു ഉളുപ്പും ഇല്ല.  കാരണം  മൂന്നാംകിട രാഷ്ട്രീയക്കാരേക്കാള്‍ മോശമാണ് അവരുടെ നില. അധികാരം പിടിച്ചെടുക്കാനും, നിലനിര്‍ത്താനും ഇത്തരം സംഘര്‍ഷങ്ങള്‍ അവര്‍ക്ക് ആവശ്യമാണ്. സമാധാനം ഒരിക്കലും അധികാരത്തിനു നല്ല വളമല്ല. വിശുദ്ധ പൌലോസ് ഇവരെക്കുറിച്ച് രണ്ടായിരം ആണ്ടുകള്‍ക്ക് മുന്‍പുതന്നെ പറഞ്ഞിരിക്കുന്നത് ഇതാണ്:  “അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു”, (ഫിലിപ്പിയർ 3:19). അതിനാല്‍ അരമനകളില്‍ താമസിക്കയും, പൊന്‍കുരിശുയര്‍ത്തി അനുഗ്രഹിക്കയും, മുന്തിയ കാറുകളില്‍ ഒഴുകി നടക്കുകയും ചെയ്യുന്ന ഇവര്‍  ആഹ്യ്വാനം ചെയ്‌താല്‍ വിശ്വാസികള്‍ അവര്‍ക്കുവേണ്ടി കത്തിയും, കോടാലിയും, കുറുവടിയുമായി വഴിയിലിറങ്ങുന്നു; സ്വന്തം സഹോദരങ്ങളെ ആക്രമിക്കുന്നു; മാനഭംഗക്കാരനെ മാലയിട്ടു സ്വീകരിച്ചു ഘോഷയാത്രയായി കൊണ്ടുപോവുന്നു; മൃതദേഹങ്ങളുടെ മാനം കെടുത്തുന്നു…

ഇതൊക്കെ എന്തിനുവേണ്ടിയാണു സര്‍? ദൈവ മഹത്വത്തിനു വേണ്ടിയാണോ? സഭാനേതൃത്വം ആഹ്വാനം ചെയ്യുമ്പോള്‍ കച്ചമുറുക്കി തെരുവില്‍ ഇറങ്ങുന്നവര്‍ ഓര്‍ക്കുക: ഇതിനൊന്നും ക്രിസ്തുവുമായോ, ക്രിസ്തീയ വിശ്വാസവുമായോ യാതൊരു ബന്ധവും ഇല്ല, കാരണം ബൈബിള്‍ പറയുന്നു, “താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല”, (1 യോഹന്നാന്‍ 4:20). ഇത്തരം അന്യായവും അക്രമവും നടപ്പാക്കുന്നവര്‍  ഇതൊന്നും അറിയാത്തവരല്ല. പക്ഷെ അവരുടെ അജണ്ട ആരെയും നന്മയുടെ വഴിയില്‍ നടത്തുകയോ, സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ അവകാശികള്‍ ആക്കുകയോ എന്നിങ്ങനെയുള്ളതൊന്നും അല്ല. അതൊക്കെ പ്രസംഗിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.

ഒരു പാനീയത്തിന്‍റെ പ്രസിദ്ധമായ ഒരു ഹിന്ദി പരസ്യ വാചകമാണ് ഞാന്‍ ഓര്‍ക്കുന്നത്. “സ്പ്രൈറ്റ് ബുജായെ ഭ്യാസ്… ബാക്കി സബ് ബക്വാസ്” (സ്പ്രൈറ്റ് ദാഹം തീര്‍ക്കുന്നു,.. ബാക്കിയൊക്കെ  അസംബന്ധം). പത്രോസ് സ്ലീഹായുടെയും, തോമാ സ്ലീഹായുടെയുമൊക്കെ  ‘സിംഹാസങ്ങളില്‍ ഉപവിഷ്ടരായിരിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്ക് വേണ്ടത് പരലോകത്തിലെ പറുദീസയല്ല. അവര്‍ക്ക് വേണ്ടത് ഈ ലോകത്തിലെ ‘രാജ്യവും, ശക്തിയും, മഹത്വവും’ മാത്രമാണ്. ആരംഭം മുതല്‍ സഭയെ ‘ഭരിച്ചവരുടെ’ ലക്ഷ്യം ഇതുതന്നെയായിരുന്നു. സമ്പത്തിനും, അധികാരത്തിനും വേണ്ടിയുള്ള അവരുടെ ഒടുങ്ങാത്ത ദാഹം… ബാക്കിയെല്ലാം അവര്‍ക്ക് വെറും അസംബന്ധം. അവര്‍ തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരുന്നു കല്‍പ്പനകള്‍ പുറപ്പെടുവിച്ചു. അവ മാനിക്കാത്തവരെ തീയിലിട്ടു ചുട്ടുകൊന്നു. ഇന്ന് അവര്‍ക്ക് രാഷ്ട്രീയ ഭരണഘടനയുടെ കീഴെ പ്രവര്‍ത്തിക്കേണ്ടി വരുന്നു.  അതിനാല്‍  അവര്‍ക്ക് ആളെ ചുടാന്‍ കഴിയുന്നില്ല. അതിനാല്‍ അവര്‍ കൂദാശകള്‍ നിഷേധിക്കുന്നു. വിശ്വാസികളുടെ മൃതശരീരങ്ങള്‍വെച്ചു വിലപേശുന്നു; തെരുവു ഗുണ്ടകളെപ്പോലെ ആക്രോശിക്കുന്നു,  ഭീഷണി മുഴക്കുന്നു.

എന്താണ് ദശാബ്ദങ്ങളായി നടന്നുവരുന്ന ഈ ഓര്‍ത്തഡോക്‌സ് – യാക്കോബായ തര്‍ക്കം. സഹോദരനെ തല്ലാനും കൊല്ലാനും ചാടിയിറങ്ങുന്ന സാധാരണ വിശ്വാസികളില്‍ എത്രപേര്‍ക്ക് ഇതിനെക്കുറിച്ച്‌ ശരിയായ അറിവും ഗ്രാഹ്യവും  ഉണ്ട്? അതിന്‍റെ ചരിത്രത്തിലേക്ക് പോകാന്‍ ഇവിടെ ഇടമില്ല. എന്നാല്‍ ഇത് വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള ഏതോ മഹത്തായ പോരാട്ടമാണ് എന്ന് ഓരോ വിഭാഗത്തിലും നില്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ദാരുണമായ ഒരു സത്യമാണ്.  ഇതില്‍ ഒരു വിശ്വാസസംബന്ധമായ പ്രശ്നവും ഇല്ല എന്നതാണ് പച്ചയായ സത്യം. ഇത് സമ്പത്തും അധികാരവും കയ്യടക്കാനുള്ള കിടമത്സരം മാത്രമാണ്. അതിനു വിശ്വാസസംരക്ഷണത്തിന്‍റെ പരിവേഷം നല്‍കുന്നത്  വിശ്വാസികളെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സഭാ നേതൃത്വത്തിന്‍റെ ചാവേറുകളെ ഇളക്കിവിടാനുള്ള തരംതാണ അഭ്യാസമാണ്.

യാക്കോബായ, ഓര്‍ത്തഡോക്സ് എന്നീ രണ്ടു വിഭാഗങ്ങളും ചില ദശാബ്ദങ്ങള്‍ക്കു മുപുവരെ സഭാ പരമാധികാരിയായ അന്തോക്യയിലെ പാത്രിയര്‍ക്കീസിന്‍റെ (Patriarch/ബാവ) അധികാരത്തിന്‍ കീഴില്‍ ആയിരുന്നു. അന്തോക്യന്‍ പാത്രിയര്‍ക്കീസിനു അത്മീയമായ അധികാരങ്ങള്‍ അല്ലാതെ സഭയുടെ ഭരണകാര്യങ്ങളിലോ, സമ്പത്തിനുമേലോ അവകാശങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്ന് ഒരു കൂട്ടര്‍ വാദിച്ചു. അവര്‍ തദ്ദേശീയനായ സഭാ മേധാവിയെ (മെത്രാനെ) പിന്തുണച്ചു.  അക്കാരണത്താല്‍ അവര്‍ ‘മെത്രാന്‍’ കക്ഷിയായി.  എന്നാല്‍ അന്തോക്യയിലെ പാത്രിയര്‍ക്കീസിന്‍റെ പരമാധികാരത്തെ അംഗീകരിച്ചു മറ്റൊരു കൂട്ടര്‍ രംഗത്തു വന്നു.  ഇക്കൂട്ടര്‍ അതിനാല്‍ പാത്രിയര്‍ക്കീസ് (ബാവാ) കക്ഷി എന്ന പേരില്‍ അറിയപ്പെട്ടു.

മെത്രാന്‍ കക്ഷിയുടെ നേതൃത്വത്തില്‍ 1934 –ല്‍ ഒരു ഭരണഘടന ഉണ്ടാക്കി. ക്ഷണം ഉണ്ടായിരുന്നെങ്കിലും ബാവാ കക്ഷിക്കാര്‍ അതില്‍ പങ്കെടുത്തില്ല. ആ ഭരണഘടന വിദേശ പാത്രിയര്‍ക്കീസിനു സഭയുടെ മേലുള്ള അവകാശം നിഷേധിച്ചു. അങ്ങനെ സഭ രണ്ടായി പിളര്‍ന്നു.  മെത്രാന്‍ കക്ഷി അവുടെ വിഭാഗത്തിനു ‘മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ ’ എന്ന പേരു കൊടുത്തു. അവരുടെ പരമാധികാരി കോട്ടയത്തിനടുത്തു ‘ദേവലോകം അരമനയില്‍’ സിംഹാസനമേറി. ബാവാ കക്ഷിക്കാര്‍ അവരുടെ വിഭാഗത്തിനു ‘യക്കോബാ സുറിയാനി സഭ’ (മലങ്കര യാക്കോബാ സുറിയാനി ഓര്‍ത്തഡോക്സ് സഭ) എന്ന പേരും നല്‍കി. അവര്‍ കൊച്ചിക്കടുത്തു ‘പുത്തന്‍ കുരിശില്‍’ ആസ്ഥാനം ഉറപ്പിച്ചു.

പിളരുന്ന രാഷ്ട്രീയ കക്ഷികളുടെ മോഡലില്‍, ഓരോ വിഭാഗവും  അണികളെ സ്വന്തം പാളയത്തില്‍ നിര്‍ത്താനുള്ള പരാക്രമങ്ങള്‍ തുടങ്ങി. അതോടെ  ഓരോ ഇടവകയിലെയും വിശ്വാസികള്‍ രണ്ടു വിഭാഗങ്ങള്‍ ആയി പിരിഞ്ഞു. പിളരുന്ന രാഷ്ട്രീയ് പാര്‍ട്ടിക്കാര്‍ പാര്‍ട്ടി ആപ്പീസുകള്‍ പിടിച്ചെടുക്കുന്ന മാതൃകയില്‍ രണ്ടുകൂട്ടരും  അന്നുവരെ ഒരുമിച്ച് ആരാധിച്ചിരുന്ന ദേവാലയങ്ങള്‍ തങ്ങളുടെ കക്ഷിയുടെ സ്വന്തമാക്കാന്‍ അവര്‍ പരിശ്രമിച്ചു. തര്‍ക്കമായി, അടിപിടിയായി, കോടതി വ്യവഹാരങ്ങള്‍ ആയി. ഏറ്റവും അധികം ആസ്തിയും, ആദായവും ഉള്ള ദേവാലങ്ങള്‍ കയ്യടക്കാന്‍ ഏറ്റവും വലിയ പോരാട്ടങ്ങള്‍ നടന്നു.  കേസ് ഒന്നിലധികം തവണ സുപ്രീം കോടതിയിലെത്തി.

ഭാരതത്തിന്‍റെ അത്യുന്നത നീതിപീഠത്തിന്റെ മുന്നില്‍ നടന്ന ഈ കേസിന്‍റെ വാദത്തിനിടയില്‍ ബഹുമാനപ്പെട്ട കോടതി വാക്കാല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.  ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു, ‘സമ്പത്തു കൈക്കരുത്തുള്ളവന്റെ കയ്യില്‍ ആയിത്തീര്‍ന്നു പാവങ്ങളെ മാനിക്കുന്നത് മതം ഉപേക്ഷിച്ചിരിക്കയാണ്. ക്രിസ്തുമതം ആദരിക്കപ്പെട്ടത് പാവങ്ങള്‍ക്ക് പരിഗണന നല്‍കുന്ന അതിന്‍റെ പൊതുഭാവന മൂലമാണ്. എന്നാല്‍  എല്ലായിടത്തു നിന്നും ഒഴുകിയെത്തുന്ന പണം മതങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നതാണ് ഇവിടെ  പ്രശ്നം; അതുമാത്രമാണ് പ്രശ്നം… സഭയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ അതിനുള്ളില്‍ത്തന്നെ തീര്‍ക്കപ്പെടെണ്ടാതാണ്. കോടതികളില്‍ അല്ല. (Musclemen taking over religious assets’  – The Hindu, Wednesday, March 8, 2017). എത്ര ലജ്ജാകരമായ സത്യം!

നാലാം തവണ സുപ്രീം കോടതി ഈ തര്‍ക്കവുമായി ബന്ധപ്പെട്ട വിധി 2017 നവംബര്‍ 15-നു പുറപ്പെടുവിച്ചു. 1934-ല്‍ നിലവില്‍ വന്ന സഭാ ഭരണഘടന അംഗീകരിക്കുകയും, 1100 പള്ളികളുടെമേല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് (മെത്രാന്‍ കക്ഷിക്ക്) അവകാശം നല്‍കുകയും ചെയ്തു സുപ്രീം കോടതി മുന്‍പു പുറപ്പെടുവിച്ച വിധിക്കെതിരെ ബാവാ കക്ഷി നല്‍കിയിരുന്ന അപ്പീല്‍ ആ വിധിയിലൂടെ  സുപ്രീം കോടതി തള്ളി. അങ്ങനെ മെത്രാന്‍ കക്ഷി കേസില്‍ ജയിച്ചു.  പക്ഷേ ബാവാ കക്ഷി വിധി അംഗീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.  അതിനാല്‍ കോടതി വ്യവഹാരങ്ങളും, ലഹളകളും തുടരുന്നു. അതിന്‍റെ ഭാഗമായിരുന്നു കട്ടച്ചിറപ്പള്ളിയില്‍ലെ ശവ സംസ്കാരവുമായി ബന്ധപ്പെട്ട തര്‍ക്കം.

കട്ടച്ചിറപ്പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ കയ്യിലാണ്. പരേതനായ മനുഷ്യന്‍റെ കൊച്ചുമകന്‍ യാക്കോബായ സഭയിലെ വൈദികനാണ്. ആ വൈദികന്‍ തന്‍റെ ഔദ്യോഗിക വസ്ത്രം ധരിച്ചുകൊണ്ടു ശവസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനെ ഓര്‍ത്തഡോക്സ് വിഭാഗം എതിര്‍ത്തു. കോടതിവിധിയുടെ ആക്ഷരികമായ അര്‍ത്ഥത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ എതിര്‍പ്പ് നിലനില്‍ക്കുന്നതാണ്. എന്നാല്‍ അതിന്‍റെ മനുഷ്യത്വമില്ലായ്മ കാണാതെപോവാന്‍ ആവില്ല. യേശു പറഞ്ഞു, “മനുഷ്യൻ ശബ്ബത്ത് [നിയമം] നിമിത്തമല്ല; ശബ്ബത്ത് [നിയമം] മനുഷ്യൻ നിമിത്തമത്രേ ഉണ്ടായതു;”. മനുഷ്യത്വത്തെ മാനിക്കാത്ത നിയമം നടപ്പാക്കല്‍ കാപാലികതയാണ്. അതായിരുന്നു യഹൂദ മതത്തിന്‍റെ രീതി. അതിനെയാണ് യേശു ചോദ്യം ചെയ്തത്. അതൊന്നും പക്ഷേ സഭാ നേതൃത്വത്തിനു പ്രശ്നമല്ല.

യേശു ഉപദേശിച്ചു, “നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക”, (മത്തായി 5:23-24). എന്നാല്‍ ഇതൊക്കെ പഠിക്കയും പഠിപ്പിക്കയും ചെയ്യുന്ന മനുഷ്യര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഭയ്ക്കുള്ളില്‍ വിഭാഗീയതകള്‍ സൃഷ്ടിക്കുന്നു; സഹോദരങ്ങളെ പരസ്പരം തെരുവില്‍ തല്ലിക്കുന്നു; നൂറുകണക്കിനു പള്ളികള്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടാക്കുന്നു. പല ദേവാലയങ്ങളിലും പോലീസ് സംരക്ഷണയില്‍ ആരാധന നടക്കുന്നു. ആര്‍ക്കു വേണ്ടിയാണ് സര്‍ ഈ ആരാധന? ഇത്തരം മ്ലേച്ചതകള്‍ കണ്ടു ‘സന്തോഷത്തില്‍ ആറാടുന്ന’ ദൈവത്തെ കൂടുതല്‍ സന്തോഷിപ്പിക്കാനാണോ സര്‍? ഈ മെത്രാന്മാര്‍ക്കൊക്കെ  അണുവിടയെങ്കിലും ക്രിസ്തുവില്‍ വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ ഇത്തരം അധാര്‍മികയ്ക്ക് കൂട്ടുനില്‍ക്കുമോ എന്ന് വിശ്വാസികള്‍ ചിന്തിക്കണ്ട കാലം അതിക്രമിച്ചിരിക്കയാണ്…

ആദ്യ നൂറ്റാണ്ടുകളിലെ  സാധാരണ വിശ്വാസിക്ക് കാര്യമായ വിദ്യാഭ്യാസമോ വിവരമോ ഇല്ലായിരുന്നു. എന്നാല്‍ പൗരോഹിത്യം കയ്യാളിയിരുന്നത് പൊതുവേ വിദ്യാസമ്പന്നരായ വിരുതന്മാര്‍ ആയിരുന്നു. ഒരിക്കല്‍ റോമാ ദേവന്മാരുടെ പുരോഹിതരെ മാനിച്ചും  ഭയന്നും കഴിഞ്ഞിരുന്ന  അവര്‍ ക്രിസ്തീയ പൌരോഹിത്യത്തെയം മാനിക്കയും ഭയക്കുകയും ചെയ്തു. ആ മേധാവിത്തം നിലനിര്‍ത്താനുള്ള സംവിധാനങ്ങള്‍ അവര്‍ സൃഷ്ടിച്ചു. പൗരോഹിത്യ ശാപം മരണത്തെക്കാള്‍ ഭയാനകമാണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. അങ്ങനെ  ക്രിസ്തീയ പൗരോഹിത്യ സംവിധാനം വിശ്വാസികളെ അടിമകളാക്കി അക്രമവും, അഴിമതിയും നടത്തി അവരെ ഭരിച്ചു. രണ്ടായിരം വര്‍ഷത്തിനു ശേഷവും, ഇന്നും വിശ്വാസി ആ അടിമത്വത്തില്‍ ആശ്വാസം കണ്ടെത്തുന്നു എന്നതാണ് വിചിത്രമായ പരമാര്‍ത്ഥം. സ്വാതന്ത്ര്യം അവനെ ഭയപ്പെടുത്തുന്നു.

യേശു പറഞ്ഞു: “നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക” (മത്തായി 5:40).  ഇതൊക്കെ പ്രസംഗിക്കാന്‍ അല്ലാതെ പ്രായോഗിക  ജീവിതത്തില്‍ കാണിച്ചു കൊടുക്കാന്‍ സഭാ നേതൃത്വത്തിനോ, വിശ്വാസികള്‍ക്കോ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. ഇത് ഏതെങ്കിലും ഒരു സഭയുടെ പ്രശ്നമല്ല. ആത്യന്തികമായി സഭാ നേത്രുത്വങ്ങള്‍ക്കു പൊതുവേ അധികാരവും, സമ്പത്തും മുന്‍ഗണനകളാണ് എന്നതാണ് സത്യം. ഈ യാഥാര്‍ഥ്യത്തെ വെളിവാക്കുന്ന  വേദനിപ്പിക്കുന്ന ഉദാഹരണമാണ് യെരുശലേമിലെ വിശുദ്ധ കല്ലറയുടെ ദേവാലയത്തില്‍ (Church of the Holy Sepulcher) ശതാബ്ദങ്ങളായി നിലനില്‍ക്കുന്ന ക്രമീകരണം.    അതുകൂടെ ചൂണ്ടിക്കാട്ടി ഞാന്‍ അവസാനിപ്പിക്കാം.

എല്ലാ ക്രിസ്തീയ വിശ്വാസികളും ഏറ്റവും പരിപാവനമായി കണക്കാക്കുന്ന സ്ഥാനമാണ് യേശുക്രിസ്തുവിനെ അടക്കിയ സ്ഥാനമെന്നു വിശ്വസിക്കപ്പെടുന്ന വിശുദ്ധ കല്ലറയുടെ ദേവാലയം.  എന്നാല്‍ ആ ദേവാലയ സമുച്ഛയകവാടത്തിന്‍റെ താക്കോല്‍ ഒരു ഇസ്ലാം  മത  വിശ്വാസിയുടെ സൂക്ഷിപ്പിലാണ് എന്ന സത്യം പല ക്രിസ്തീയ വിശ്വാസികള്‍ക്കും അറിവുണ്ടായിരിക്കില്ല. ഇസ്ലാം വിശ്വാസികള്‍  ബലമായി കൈക്കലാക്കി വെച്ചിരിക്കുകയല്ല ഈ താക്കോല്‍. വിവിധ ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയിലെ ഒടുങ്ങാത്ത പോരാണ്‌ ഇത്തരം ഒരു ക്രമീകരണം നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവരെ നിര്‍ബന്ധിതരാക്കിയത്.

ഇതിനെക്കുറിച്ച് കാരെന്‍ ആംസ്ട്രോങ്ങ്‌ (Karen Armstrong) എന്ന പ്രശസ്തയായ എഴുത്തുകാരി അവരുടെ സ്വന്തം അനുഭവം ഏതാണ്ട് ഇപ്രകാരം എഴുതുന്നു: ‘ഓട്ടോമന്‍ തുര്‍ക്കികളുടെ കാലം മുതല്‍ ഈ ദേവാലയത്തിന്‍റെ പ്രധാന കവാടത്തിന്റെ താക്കോല്‍ ഒരു ഇസ്ലാംമത വിശ്വാസിയാണ് സൂക്ഷിക്കുന്നത്. യെരുശലേമിലെ  ക്രിസ്ത്യാനികളുടെ മേല്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പിക്കാന്‍ വേണ്ടി ഇസ്ലാം നടപ്പാക്കിയ ഒരു പദ്ധതിയല്ല ഈ ക്രമീകരണം.  അതിവിശാലമായ ഈ ദേവാലയ സമുച്ഛയത്തില്‍, അവരവരുടെ വിഭാഗത്തിനു സ്വന്തമായി   ചാപ്പലുകളുള്ള വിവിധ ക്രിസ്തീയ വിഭാഗങ്ങള്‍ ഉണ്ട്. ഈ വിഭാഗങ്ങള്‍ സ്ഥിരമായായി പരസ്പരം മേല്‍ക്കോയ്മയ്ക്കായുള്ള യുദ്ധത്തിലാണ്‌. ഇവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കൈവശം താക്കോല്‍ ലഭിച്ചാല്‍ അവര്‍ സമുച്ഛയം പൂട്ടി  മറ്റു ക്രിസ്തീയ വിഭാഗങ്ങളെ പടിക്കു പുറത്താക്കും. ഇതുമൂലം ഒരു ക്രിസ്തീയ വിഭാഗത്തെയും വിശ്വസിച്ചു കര്‍ത്താവിന്‍റെ കല്ലറപ്പള്ളിയുടെ താക്കോല്‍ എല്‍പ്പിക്കാനാവാത്ത ദുസ്ഥിതി വന്നുചേര്‍ന്നു. അതിനാല്‍ ഒരു ഇസ്ലാംമത വിശ്വാസി താക്കോല്‍ സൂക്ഷിക്കട്ടെ എന്ന് യെരുശലേം ഭരിച്ചിരുന്ന  തുര്‍ക്കികള്‍ തീരുമാനിച്ചു. തുര്‍ക്കികളുടെ കാലം  മുതല്‍ ഇന്നുവരെ ഈ സ്ഥിതി തുടരുകയാണ്…’ (Karen Armstrong, Holy War)

ഇക്കാലത്തും ഇത്തരത്തിലുള്ള സങ്കീര്‍ണവും, പരിഹാസ്യവുമായ ഒരു ക്രമീകരണം വേണ്ടിവരുന്നു എന്നുള്ളത് ക്രിസ്ത്യാനികള്‍ എന്ന പേരും താങ്ങി സമാധാനവും, സഹവര്‍ത്തിത്തവും വാതോരാതെ പ്രസംഗിച്ചു  നടക്കുന്നവരെ  ലജ്ജിപ്പിക്കേണ്ടാതാണ്. ഉന്നത വിദ്യാഭ്യാസവും, ദൈവവിശ്വാസവും ഉള്ള ഒരു കൂട്ടം മനുഷ്യര്‍ക്ക്, ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്തു വിട്ടുവീഴ്ച്ചാ മനോഭാവത്തോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാന്‍ കഴിയുന്നില്ല എന്നത് ഇവരുടെ ഉള്ളില്‍ നിലനില്‍ക്കുന്ന  സ്വാര്‍ഥതയുടെയും, വെറുപ്പിന്‍റെയും, വിദ്വേഷത്തിന്‍റെയും ശക്തിയും ആഴവും വെളിപ്പെടുത്തുന്നതാണ്.

‘ക്രിസ്തുവിന്‍റെ കബറിടം, ഈ ഭൂമിയിലെ  തങ്ങളുടെ ഏറ്റവും വിശുദ്ധമായ സ്ഥാനമെന്ന് വിശ്വസിക്കുന്ന ക്രിസ്തീയ വിശ്വാസികള്‍ക്ക് ആ സ്ഥാനത്തുപോലും സമാധാനത്തോടെ ഒരുമിച്ചു കഴിയാന്‍ സാധിക്കുന്നില്ലെങ്കില്‍, യഹൂദനും, മുസല്‍മാനും വിശുദ്ധ നഗരത്തിലും, വിശുദ്ധ ഭൂമിയിലും എന്നെങ്കിലും  സമാധാനത്തോടെ ഒരുമിച്ചു കഴിയാനുള്ള ഒരു മാര്‍ഗം കണ്ടെത്തും എന്ന് ആശിക്കാന്‍ കഴിയില്ല…’ (Karen Armstrong, Holy War)

യേശു പറഞ്ഞു, “നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു!” (മത്തായി 6:23).  ഇതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ വിശ്വാസത്തിന്‍റെ യാഥാര്‍ത്ഥ്യം എന്നു പറയാതെ വയ്യ.

———————————–

  • 22
  •  
  •  
  •   

Leave a Reply

Your email address will not be published. Required fields are marked *